Friday, June 28, 2013

ചരിത്രരേഖ


'കാര്‍ട്ടൂണ്‍' എന്ന കലാരൂപത്തെ ചിത്രകലയുടെ നിയതമായ ചട്ടക്കൂടില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് അതിലെ നര്‍മത്തിന്റെ നന്മയാണ്. വരയിലൂടെ വിരിയുന്ന ചിരിയാകുന്നു കാര്‍ട്ടൂണ്‍. വാക്കും വരയും തമ്മിലുള്ള പാരസ്പര്യത്തിലൂടെ അഥവാ സങ്കലനത്തിലൂടെ ഒരു വിഷയത്തെ അല്ലെങ്കില്‍ ഒരു ചിന്തയെ കഥാപാത്രങ്ങളിലൂടെ പുറത്തെത്തിച്ച് വിചാരണ ചെയ്യുന്ന ഈ വേറിട്ട കലാരൂപത്തിന്റെ തലതൊട്ടപ്പന്‍ ആരെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന തിരുശേഷിപ്പുകള്‍ ഏറെയൊന്നുമില്ല. എങ്കിലും അതിനൊരു കേരളീയ പശ്ചാത്തലമുണ്ടെന്നുതന്നെ നമുക്കു തീര്‍ച്ചയാക്കാം. തോലനും, കുഞ്ചനും, സഞ്ജയനും ഈവിയുമൊക്കെ കേരളത്തിന്റെ മണ്ണിലും മനസ്സിലും വാഗേയഹാസത്തിന്റെ ചാല് തുറന്നെങ്കില്‍ ആ ചിരിച്ചാലിലേക്ക് ചിരിവരയുടെ തെളിനീരൊഴുക്കിയതില്‍ അഗ്രഗണ്യന്‍ കായംകുളത്തുകാരന്‍ ശങ്കരപ്പിള്ളയെന്ന സാക്ഷാല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറായിരുന്നു. ശങ്കറിന്റെ വരയുടെ പെരുമ കടല്‍കടന്നതിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഗാന്ധിജിയേയും നെഹൃവിനെയും പോലുള്ള ദേശീയ നേതാക്കളും തുണയായും തോഴരായും നിറസാന്നിധ്യമായി രംഗത്തുണ്ടായിരുന്നു. 'ശങ്കേഴ്‌സ് വീക്കിലി'യെന്ന ചരിത്രസംഭവത്തിന്റെ വിധാതാവ് ഒരു മലയാളിയായിരുന്നിട്ടുകൂടി ആ കാര്‍ട്ടൂണ്‍ കോയ്മ ഒരു സംഘടനാ വൈഭവത്തിലേക്കുള്ള ദിശാസൂചിയായില്ല. ശങ്കേഴ്‌സ് വീക്കിലിയിലൂടെ സ്ഫുടം ചെയ്യപ്പെട്ട മലയാളി കാര്‍ട്ടൂണിസ്റ്റുകള്‍ എത്രയെത്ര...സര്‍വ്വശ്രീ കുട്ടി, അബു, ഒ.വി. വിജയന്‍, യേശുദാസന്‍, സാമുവല്‍, ബി. എം. ഗഫൂര്‍, നാഥന്‍...എന്നിട്ടും കേരളീയരായ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു കൂട്ടായ്മയുടെ ഉദയത്തിന് ശങ്കേഴ്‌സ് വീക്കിലിയുടെ അസ്തമനത്തിനുശേഷം പിന്നെയും വേണ്ടിവന്നു അഞ്ചാറു വര്‍ഷക്കാലം കൂടി! മലയാളത്തിലെ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു സംഘടനയെന്ന ചിന്ത മൂര്‍ത്തരൂപം പൂണ്ടത് ഏതാണ്ട് 1980കളുടെ അവസാനത്തിലായിരുന്നു. തല്‍ഫലമായി 1981 നവംബര്‍ 29 ന് 'കേരളകാര്‍ട്ടൂണ്‍ അക്കാദമി' എന്ന പേരില്‍ കേരളത്തിലെ മുഴുവന്‍ കാര്‍ട്ടൂണിസ്റ്റുകളുടെയും സ്വതന്ത്രമായ ഒരു സംഘടന കൊച്ചി ആസ്ഥാനമായി പിറവിയെടുത്തു. 'കാര്‍ട്ടൂണ്‍ കലയുടെയും കാര്‍ട്ടൂണ്‍ കലാകാരന്മാരുടേയും നാനാമുഖമായ വളര്‍ച്ച ലക്ഷ്യമാക്കി വ്യാപാരമോ ലാഭമോ കൂടാതെ പ്രവര്‍ത്തിക്കുന്നതിനായി 1955 ലെ 12-ാമതു തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മസംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ടിനു വിധേയമായി
 ER 81/83 നമ്പറില്‍ 09-03-1983 ല്‍ രജിസ്റ്റര്‍ ചെയ്ത് ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നു. ഏഷ്യയിലെതന്നെ ഒരുപക്ഷേ, ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രസ്ഥാനത്തിന്റെ ആദ്യ ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് ശ്രീ. യേശുദാസനായിരുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ പ്രമുഖനായ ഈ ശിഷ്യനൊപ്പം സെക്രട്ടറി പദമലങ്കരിച്ചത് 'ഭാനുമേനോന്‍' എന്ന കാര്‍ട്ടൂണിലൂടെ ഏറെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ശ്രീ. ശിവറാമായിരുന്നു. പ്രശസ്തരും പ്രഗത്ഭരും പരിണിത പ്രജ്ഞരുമായ ഒട്ടനവധി കാര്‍ട്ടൂണിസ്റ്റുകളടങ്ങിയ പ്രഥമ നിര്‍വ്വാഹക സമിതിയുടെ നേതൃത്വത്തില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ത്തന്നെ 'കേരളകാര്‍ട്ടൂണ്‍ അക്കാദമി' പൊതുസമൂഹത്തിന്റെ ശ്രദ്ധയാര്‍ജിച്ചു. നിരവധി കാര്‍ട്ടൂണ്‍ ക്യാമ്പുകളും പഠനക്കളരികളും കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങളും കേരളത്തിലെമ്പാടും സംഘടിക്കപ്പെട്ടു. പ്രവര്‍ത്തനമാരംഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ത്തന്നെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ഗ്രാന്റു ലഭിച്ചു തുടങ്ങിയത് സംഘടനാപ്രവര്‍ത്തനത്തിന്റെ ദീര്‍ഘസഞ്ചാരരഥ്യയിലെ പാഥേയമായി. ഈ വഴിച്ചോറ് പക്ഷേ, നമ്മുടെ വിശപ്പിന്റെ വിളിക്ക് പൂര്‍ണ ശമനത്തിന് പര്യാപ്തമാകുന്നില്ല. വഴിനടന്ന് മടങ്ങിയെത്തുമ്പോള്‍ ഇളവേല്‍ക്കാനൊരു ഇരിപ്പിടവും നമുക്കായിട്ടില്ലതന്നെ. തുടര്‍യാത്രകളില്‍ ബൗദ്ധികമായ കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയിലെ വെടിവട്ടങ്ങളില്‍ പോലും ജാഗ്രത്താകേണ്ട ചിന്താവിഷയവും ഇതുതന്നെയാകുന്നു. ഒപ്പം വരവഴികളിലേക്ക് വരും തലമുറയെ സജ്ജരാക്കാനും കൈപിടിച്ചുനടത്താനുമുള്ള ഉത്തരവാദിത്വ ബോധവും കൂടുതല്‍ ദൃഢമാകേണ്ടിയുമിരിക്കുന്നു.
                                                                              പ്രസന്നന്‍ ആനിക്കാട്‌

No comments:

Post a Comment