Friday, June 28, 2013

കാര്‍ട്ടൂണിസ്റ്റ് ടോംസ്‌

എന്റെ ജന്മഗൃഹത്തിലേക്ക് ഒരു ഹൗസ്‌ബോട്ടില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കൊപ്പം നടത്തിയ യാത്രയെക്കുറിച്ച് ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. അത് അവിസ്മരണീയമായിരുന്നു. ഗൃഹാതുരത്വമുണര്‍ത്തിയ ഓര്‍മ്മകള്‍, ഒരു ചലച്ചിത്രത്തിലെന്നവണ്ണം മനസ്സിലൂടെ കടന്നുപോയി. കൊതുമ്പുവള്ളത്തില്‍ കയറി തുഴഞ്ഞുപോകുന്ന മെലിഞ്ഞുണങ്ങിയ ഒരു പത്തുവയസ്സുകാരനെ ഞാന്‍ വീണ്ടും കണ്ടു. നടന്നുതീര്‍ത്ത വര്‍ഷങ്ങള്‍. എത്രയെത്ര ജീവിതസമരങ്ങള്‍. വളര്‍ച്ചയുടെ പടവുകള്‍ ഓര്‍ക്കുമ്പോള്‍ ജീവിതം ഇതിലും എത്ര രസകരമാക്കിത്തീര്‍ക്കാമായിരുന്നു എന്നു തോന്നും.
ഓര്‍മ്മക്കുറിപ്പുകള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ ധാരാളം ഫോണ്‍ കോളുകള്‍ വരാറുണ്ട് ഒപ്പം കത്തുകളും. ഒരിക്കല്‍ ഒരു സദാശിവന്‍ വിളിച്ചു. പല വിഷയത്തെക്കുറിച്ച് പറഞ്ഞത് ഒടുവില്‍ രാഷ്ട്രീയത്തില്‍ എത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫിന് പറ്റിയ പരാജയത്തിന് കാരണം, എന്റെ നിഗമനമെന്താണെന്ന് സദാശിവന് അറിയണം. ഞാന്‍ പറഞ്ഞു: ''സുഹൃത്തേ ഇതിന് ഞാനല്ല മറുപടി പറയേണ്ടത്. അച്ചുതാനന്ദനാണ്. എങ്കിലും എന്റെ ഒരു നിഗമനം ഒന്ന് ജോസഫ് വിട്ടുപോയി. ഒപ്പം വീരേന്ദ്രകുമാറും. ഇവര്‍ രണ്ടും എല്‍.ഡി.എഫില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഭരണം പോകില്ലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.
ഇപ്പോഴത്തെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഡെഡിക്കേഷന്‍ കുറവാണ്. പലരും ഉദ്യോഗസ്ഥരാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍, വക്കീലന്മാര്‍, ഡോക്ടര്‍മാര്‍ എന്തിന് പള്ളീലച്ചന്‍ വരെ കാര്‍ട്ടൂണിസ്റ്റുകളായി ഇന്ന് രംഗത്തുണ്ടെങ്കിലും ഇതൊരു ഐച്ഛിക വിഷയമായി എടുത്ത് റിസേര്‍ച്ച് ചെയ്യാനോ ഒന്നും ഇവര്‍ ക്കാര്‍ക്കും സമയമില്ല; സന്നദ്ധതയും ഇല്ല. കിട്ടുന്ന സമയംകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്‌തെടുക്കുന്നുവെന്നല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ല. ഒരു പത്രത്തിന്റെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായാല്‍ പത്രത്തിന്റെ പോളിസിക്കനുസരിച്ച് വരയ്ക്കാമെന്നല്ലാതെ കാര്യമായ സംഭാവനകള്‍ നല്‍കാനാവില്ല. സ്വന്തമായിട്ട് പ്രസിദ്ധീകണമുള്ള ശങ്കറിനു മാത്രമേ അത്തരത്തില്‍ സ്വതന്ത്രമായി വരയ്ക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു. ആര്‍.കെ. ലക്ഷ്മണനു പോലും സ്വതന്ത്രമായി വരയ്ക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ എനിക്ക് ഒരു പരിധിവരെ സാധിച്ചത് ഞാന്‍ സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെ വരച്ചു തുടങ്ങിയശേഷമാണ്. സ്വന്തമായി പ്രസിദ്ധീകരണം നടത്തുന്ന കാര്‍ട്ടൂണിസ്റ്റിന് മാത്രമേ സ്വാതന്ത്ര്യപൂര്‍വ്വം വരയ്ക്കാന്‍ കഴിയൂ. എന്നാല്‍ അത്തരത്തിലൊരു കാര്‍ട്ടൂണ്‍ മാസികയ്ക്ക് ഇനി സാദ്ധ്യത തുലോം കുറവാണ്.
കാര്‍ട്ടൂണ്‍ മാസികയായ 'തമാശ' കാര്‍ട്ടൂണിസ്റ്റുകളുടെ ഇടയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു പ്രസിദ്ധീകരണമായി ചുരുങ്ങിപ്പോയി. പണ്ട് 'സരസന്‍' തുടങ്ങി എത്ര ഹാസ്യമാസികകള്‍ ഉണ്ടായിരുന്നു.
ഒരു വാര്‍ത്തയുടെ സത്യം അറിയാന്‍ അഞ്ചു പത്രം വായിച്ചാലും സത്യം പിടികിട്ടണമെന്നില്ല. ഔഷധഗുണമുള്ള  'ചെത്തി എന്ന ചെടിയുടെ കാര്യംപോലെയാണ് വാര്‍ത്തകള്‍ ഓരോരുത്തരും എടുക്കുന്നത്. ചെത്തിയുടെ പൂവ് വേണ്ടവര്‍ അതെടുക്കുന്നു, തൊലി വേണ്ടവര്‍ അതെടുക്കുന്നു, കായ് വേണ്ടവര്‍ അതും വേര് വേണ്ടവര്‍ അതും എടുക്കും. എന്നാല്‍ ചെടി മൊത്തത്തോടെ ആരും എടുക്കില്ല. അതുകൊണ്ട് വേണ്ട ഗുണം ആര്‍ക്കും കിട്ടില്ല. അതുപോലെയാണ് പത്രവാര്‍ത്തയുടെ കാര്യവും. പത്രത്തിന്റെ നയമനുസരിച്ചാണ് ഓരോ വാര്‍ത്തയും വളച്ചൊടിക്കപ്പെടുന്നത്. അതേ അവസ്ഥയാണ് തൊഴിലാളികളായ കാര്‍ട്ടൂണിസ്റ്റുകളും അനുഭവിക്കുന്നത്. തൊഴിലുടമയുടെ പോളിസിക്കനുസരിച്ച് വരയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് ഭൂരിഭാഗം കാര്‍ട്ടൂണിസ്റ്റുകളും. അതവരുടെ കുഴപ്പമല്ല. നയങ്ങളുടെ കുഴപ്പമാണ്. ഒന്നുമില്ലാത്തതിലും ഭേദമല്ലേ എന്തെങ്കിലും ഉള്ളത് എന്ന് ചിന്തിച്ചാല്‍ കുറ്റം പറയാനും പറ്റില്ല.
ബോബനും മോളിയും മനോരമയില്‍ വരയ്ക്കുമ്പോള്‍ പലപ്പോഴും അവസാന മിനിറ്റിലാണ് കൊടുക്കുക. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന പല കാര്‍ട്ടൂണുകളും മറ്റു നിവൃത്തിയില്ലാതെ അച്ചടിച്ചുവന്നിട്ടുണ്ട്. മാത്തുക്കുട്ടിച്ചായന്‍ എപ്പോഴും ഒരെണ്ണം 'എക്‌സ്ട്രാ' വേണം എന്ന് നിര്‍ബന്ധം പിടിക്കുമായിരുന്നു.എനിക്കറിയാം അതിന്റെ കാര്യം. അതുകൊണ്ട് ഞാന്‍ വരച്ചുകൊടുക്കുകയില്ല!
പ്രൈവറ്റ് ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ ഞാനൊരു കാര്‍ട്ടൂണ്‍ വരച്ചു. അത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. അതിനുശേഷം മനോരമയില്‍ ബോബനും മോളിയും കര്‍ശനമായി നോക്കിയശേഷമാണ് പ്രിന്റിംഗിനു പോയിരുന്നത്.
രാഷ്ട്രീയം വഷളായി വഷളായി രാജ്യം 'കുട്ടിച്ചോറാ'ക്കുന്ന അവസ്ഥയിലാണ്. 'കുട്ടിച്ചോര്‍' എന്താണെന്ന് ചിലര്‍ക്കെങ്കിലും അറിയാത്തതായി കാണും. പണ്ട് മുതിര്‍ന്ന ആള്‍ക്കാര്‍ക്കുവേണ്ടി ചോറ് വിളമ്പി താഴെ വയ്ക്കും. നീന്തിനടക്കുന്ന ഉടുക്കാക്കുണ്ടന്മാരായ കുട്ടികള്‍ വന്ന് അതിന്റെ നടുക്ക് കയറിയിരിക്കും. കറികളെല്ലാം തട്ടിമറിച്ച് മൂത്രം ഒഴിച്ച് നാശമാക്കി. അതില്‍ കൈയിട്ട് വാരിത്തിന്നും. ഇതിനെയാണ് കുട്ടിച്ചോറാക്കുക എന്ന് പറയുന്നത്. നമ്മുടെ രാഷ്ട്രീയ രംഗം ഇതുപോലുള്ള ഉടുക്കാക്കുണ്ടന്മാര്‍ കുട്ടിച്ചോറാക്കിയിരിക്കുകയാണ്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത തത്വസംഹിത ഇന്നില്ല. ജനങ്ങള്‍ക്കെന്തുചെയ്യാന്‍ കഴിയും. കാര്‍ട്ടൂണ്‍ പരിവര്‍ത്തനം ഉണ്ടാക്കും എന്നൊരു തോന്നല്‍ വേണ്ട. രാഷ്ട്രീയത്തില്‍ ഒരു പരിവര്‍ത്തനവും ഉണ്ടാക്കാന്‍ കാര്‍ട്ടൂണിനാവും എന്നെനിക്ക് അഭിപ്രായമില്ല. ജാതീയ അടിസ്ഥാനത്തില്‍ അവകാശങ്ങള്‍ പരസ്യമായി ചോദിക്കുന്ന കാലത്തിലൂടെയാണ് നാം നടന്നുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു ജാതിയുടെ വിളംബര പലകയായി നില്‍ക്കുന്ന പത്രത്തിലെ ജോലിക്കാരനായ കാര്‍ട്ടൂണിസ്റ്റിന് ഇക്കാര്യത്തില്‍ എന്തുചെയ്യാനാവും. കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച 'എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കാരിക്കേച്ചര്‍ പടയണി പോലുള്ള' കാമ്പയിനുകള്‍ സംഘടിപ്പിച്ചാല്‍ കുറെയൊക്കെ ആളുകളുടെ ശ്രദ്ധ ഉണ്ടാവും. അന്വേഷണങ്ങള്‍ ഉണ്ടാവും.
ഒരു കലാസൃഷ്ടിയോ കാര്‍ട്ടൂണോ ഇറങ്ങിക്കഴിയുമ്പോള്‍ സൃഷ്ടാവിന്റെ വിചാരം ഇത് വിപ്ലവകരമായ സാമൂഹ്യമാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ്. ഒരു മാറ്റവും വരുത്താന്‍ ഒക്കുകയില്ല. എന്നാല്‍ ശുദ്ധമായ ആക്ഷേപങ്ങള്‍ ചില മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യും. ഒരാള്‍ മരിച്ചാല്‍ 'ഞെട്ടി' എന്ന് മന്ത്രിമാര്‍ പറയുന്നത് കാര്‍ട്ടൂണുകളിലൂടെ സ്ഥിരമായി കളിയാക്കിതുകൊണ്ട് ഇപ്പോള്‍ മന്ത്രിമാരാരും ഞെട്ടാറില്ല.
എന്റെ നാടായ വെളിയനാട്ടില്‍  ഒരു സംസ്‌കൃത സ്‌കൂള്‍ ഉണ്ട്. താത്കാലിക നിയമം കിട്ടിയ അദ്ധ്യാപകര്‍ക്ക് ശമ്പളം അഞ്ച് രൂപ.  അഞ്ച് രൂപകൊണ്ട് ഒന്നിനും തികയില്ല. ഇതറിയാവുന്ന ഞാന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു എക്‌സിബിഷന്‍ നടക്കുന്നു. ഒരു സ്റ്റാളില്‍ എഴുതിവച്ചിരിക്കുന്നു 'അത്ഭുതമനുഷ്യന്‍'. അത്ഭുതമനുഷ്യനെ കാണാനായിട്ട് പലരും വന്നു. കൂട്ടത്തില്‍ സ്‌കൂളിന്റെ മാനേജരും ഉണ്ടായിരുന്നു. അത്ഭുതമനുഷ്യനെ കാണാന്‍ കയറിയ സ്‌കൂള്‍ മാനേജര്‍ ഞെട്ടി. തന്റെ സ്‌കൂളിലെ സംസ്‌കൃതം അദ്ധ്യാപകനാണ് അത്ഭുതമനുഷ്യന്‍. മാനേജര്‍ എക്‌സിബിഷന്‍ നടത്തിപ്പുകാരോട് തട്ടിക്കയറി: 'എടോ ഇത് എന്റെ സ്‌കൂളില്‍ സംസ്‌കൃതം പഠിപ്പിക്കുന്ന അദ്ധ്യാപകനല്ലേ. ഇയ്യാളെങ്ങനാ അത്ഭുതമനുഷ്യനാവുന്നത്?'
എക്‌സിബിഷന്‍ നടത്തിപ്പുകാരന്റെ മറുപടി
'മാസം അഞ്ചുരൂപാ ശമ്പളം കൊണ്ട് ഭാര്യയേയും ഏഴ് കുട്ടികളേയും പോറ്റുന്ന ഇയാളല്ല അത്ഭുതമനുഷ്യനെങ്കില്‍ പിന്നെയാരാ അത്ഭുതമനുഷ്യന്‍?'
ഇതായിരുന്നു കാര്‍ട്ടൂണ്‍.
ഈ കാര്‍ട്ടൂണ്‍ വച്ച് അദ്ധ്യാപകര്‍ ഒരു നിവേദനം കൊടുത്തു. സി.എച്ച് മുഹമ്മദ് കോയ ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി. അദ്ദേഹം 30 രൂപ ശമ്പളമാക്കി ഉയര്‍ത്തിക്കൊണ്ട് ഉത്തരവിറക്കി. സംസ്‌കൃത അദ്ധ്യാപകര്‍ വീട്ടില്‍ വന്ന് നന്ദിയൊക്കെ പറയുകയും ചെയ്തു.
കാര്‍ട്ടൂണ്‍ വരച്ചതുകൊണ്ടുമാത്രം കാര്‍ട്ടൂണിസ്റ്റുകളുടെ ജോലി തീര്‍ന്നോ എന്ന് ആലോചിക്കണം. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ പൊതുതാത്പര്യഹര്‍ജിപോലുള്ള മാര്‍ഗ്ഗങ്ങളിലേക്ക് കാര്‍ട്ടൂണിസ്റ്റുകള്‍ ഒറ്റക്കെട്ടായി മുന്‍പോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം.
സഭാവഴക്ക് കൊടുമ്പിരികൊണ്ടിരിക്കുന്ന പഴയ കാലം. ഞാനൊരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു അച്ചന്‍ അള്‍ത്താരയില്‍ കയറി നിന്ന് ''പ്രിയ വിശ്വാസികളെ, വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കാന്‍ പോവുകയാണ്. എല്ലാ വിശ്വാസികളും മാരകായുധങ്ങള്‍ കയ്യിലെടുത്തോളൂ...'' ഇത് പ്രസിദ്ധീകരിക്കില്ലെന്ന് എനിക്കറിയാം. എങ്കിലും ഞാനത് വര്‍ഗ്ഗീസ് ചേട്ടന്റെ കൈയില്‍ കൊടുത്തു. സംശയമുള്ള കാര്‍ട്ടൂണുകള്‍ മാത്തുക്കുട്ടിച്ചായനെ കാണിക്കണമെന്നാണ്. വര്‍ഗ്ഗീസ് ചേട്ടന്‍ അത് മാത്തുക്കുട്ടിച്ചായന്റെ കൈയില്‍ കൊടുത്തയച്ചു. അച്ചായനെന്നെ വിളിച്ചിട്ടു പറഞ്ഞു: ''കാര്‍ട്ടൂണൊക്കെ നന്നായിരിക്കുന്നു. പക്ഷെ ഞാനിത് പ്രസിദ്ധീകരിക്കുയില്ല. എന്നാലിത് തിരിച്ചു തരികയുമില്ല. ഞങ്ങടെ മെത്രാന്മാരെ ഇതൊന്നു കാണിക്കണം. മാത്തുക്കുട്ടിച്ചായന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് അതേ സെന്‍സില്‍ തന്നെ ഞാനും എടുത്തു.
മനോരമയുമായി കേസും മറ്റും ഉണ്ടായെങ്കിലും അച്ചായനുമായി എനിക്ക് ഒരാത്മബന്ധം ഉണ്ടായിരുന്നു. അച്ചായന്‍ നല്ല ഹൃദയത്തിനുടമയായിരുന്നു. ഇന്നും മനോരമ എനിക്ക് ഫ്രീയായിട്ടാണ് കിട്ടുന്നത്. അച്ചായന്‍ മരിച്ചപ്പോള്‍ വലിയൊരു ശൂന്യത തോന്നി. ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. ഒരു തലമുറ കൂടി കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഹെന്‍ട്രിയുടെ 'അവസാനത്തെ ഇല' എന്ന കഥയാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. തുറന്നിട്ട ജനാലയ്ക്കപ്പുറം ചുവരിനോട് ചേര്‍ന്ന് മഞ്ഞും മഴയും കാറ്റുമേറ്റ് വീഴാതെ സധൈര്യം പിടിച്ചുനില്‍ക്കുന്ന 'അവസാനത്തെ ഇല'!

No comments:

Post a Comment